സുല്‍ത്താന്‍ ബത്തേരി: റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച സംരക്ഷണഭിത്തി നടുകൊല്ലി പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി.
അമ്പുകുത്തി-കരടിപ്പാറ-തോമാട്ടുചാല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. അമ്പലവയല്‍ പഞ്ചായത്തിലെ പാമ്പള, നടുകൊല്ലി പ്രദേശവാസികള്‍ തലമുറകളായി ഉപയോഗിച്ചുവന്നിരുന്ന പ്രധാന പാതയാണ് ഭിത്തി ഉയര്‍ത്തിയതോടെ അടഞ്ഞത്. ഇതോടെ ഉന്നതിവാസികളും കര്‍ഷകരുമുള്‍പ്പെടെ 25 കുടുംബങ്ങള്‍ ദുരിതത്തിലായി. റോഡില്‍ രണ്ടുവര്‍ഷത്തോളമായി നവീകരണം നടക്കുകയാണ്.
പാമ്പള ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി ഉയര്‍ത്തി നിര്‍മിച്ചതാണ് യാത്രാപ്രശ്നത്തിന് കാരണമായത്. റോഡ് നവീകരണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തി ഉയര്‍ത്തുന്നതിനെക്കുറിച്ച് നാട്ടുകാര്‍ നേരത്തേ ആശങ്ക അറിയിച്ചിരുന്നു. പുതുതായി നിര്‍മിക്കുന്ന 11 അടി വീതിയുള്ള റോഡിലേക്ക് പ്രധാനപാതയില്‍നിന്ന് അനുബന്ധപാത ഒരുക്കിനല്‍കാമെന്ന് അമ്പലവയല്‍ പഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ അധികൃതര്‍ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയെന്നാണ് ആക്ഷേപം.
കൃഷിയിടങ്ങളിലേക്ക് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകാന്‍പോലും സംരക്ഷണഭിത്തി തടസമാകുന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. മറ്റൊരു വ്യക്തിയുടെ പറമ്പിലൂടെയാണ് ഇപ്പോള്‍ പ്രധാനപാതയിലേക്ക് എത്തുന്നതും മടങ്ങുന്നതും. യാത്രാസൗകര്യം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ നടുകൊല്ലി നിവാസികള്‍ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ്.